ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചി, നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ജയശങ്കർ എക്സ് പോസ്റ്റിൽ സൂചിപ്പിച്ചു.
“ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇറാനിലെയും അതിനോടടുത്തുള്ള പ്രദേശങ്ങളിലെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു,” ജയശങ്കർ എക്സിൽ കുറിച്ചു.
രാജ്യത്തുടനീളം ഖമേനി ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെത്തുടർന്ന് മരണസംഖ്യ 2,500 ആയി ഉയർന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ, തീർഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടതിന് ശേഷമാണ് ഈ സംഭാഷണം നടന്നത്.
അതിനിടെ, ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന കശ്മീരി വിദ്യാർഥികളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടും അഭ്യർഥിച്ചു. ഇറാനിലെ വർധിച്ചുവരുന്ന സുരക്ഷാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർഥന.

