ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾ ഓസ്‌ട്രേലിയയിൽ ഹോട്ടലിൽ നിന്നും രക്ഷപ്പെട്ടു; മുഴുവൻ ടീമിനും അഭയം നൽകണമെന്ന് ട്രംപ്

ബ്രിസ്‌ബേൻ: ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനായി ഓസ്‌ട്രേലിയയിലെത്തിയ ഇറാൻ വനിതാ ടീമിലെ അഞ്ച് താരങ്ങൾ ഔദ്യോഗിക സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഗോൾഡ് കോസ്റ്റിലെ ഹോട്ടലിൽ നിന്നാണ് താരങ്ങൾ രക്ഷപ്പെട്ടത്. നിലവിൽ ഓസ്‌ട്രേലിയൻ പോലീസിന്റെ സംരക്ഷണയിലുള്ള ഇവർ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. മുഴുവൻ ഇറാൻ ടീമിനും അഭയം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.

ടൂർണമെന്റിനിടെ ഇറാൻ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് താരങ്ങളെ ‘രാജ്യദ്രോഹികൾ’ എന്ന് ഇറാൻ ഭരണകൂടം മുദ്രകുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങിയാൽ തങ്ങൾ പീഡിപ്പിക്കപ്പെടുമെന്നും വധിക്കപ്പെടുമെന്നും താരങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് താരങ്ങൾ ഹോട്ടലിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയ താരങ്ങളെ നിർബന്ധപൂർവ്വം തിരിച്ചയക്കുകയാണെങ്കിൽ അത് വലിയൊരു മാനുഷിക ദുരന്തമായിരിക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ഓസ്‌ട്രേലിയ അഭയം നൽകുന്നില്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണ്” എന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അഞ്ച് താരങ്ങൾ നിലവിൽ സുരക്ഷിതരാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ കളിക്കാർ ഇവർക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ക്വീൻസ്‌ലാൻഡ് ഇറാനിയൻ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. അതീവ സുരക്ഷയുള്ള ഹോട്ടലിൽ നിന്ന് താരങ്ങൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *