അമേരിക്കയ്ക്ക് ഭീഷണിയായി ഇറാന്റെ പുതിയ നീക്കം; ചൈനയിൽ നിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ വാങ്ങുന്നു

ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ചൈനയിൽ നിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ (Anti-ship missiles) സ്വന്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. ചൈനീസ് നിർമ്മിതമായ ‘സിഎം-302’ (CM-302) എന്ന സൂപ്പർസോണിക് മിസൈലുകൾ വാങ്ങാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന (Supersonic) സിഎം-302 മിസൈലുകൾ വിമാനവാഹിനി കപ്പലുകളെ വരെ തകർക്കാൻ ശേഷിയുള്ളവയാണ്. ലോകത്തിലെ ഏറ്റവും മികച്ച കപ്പൽവേധ മിസൈലുകളിലൊന്നായി ചൈന ഇതിനെ വിശേഷിപ്പിക്കുന്നു. താഴ്ന്നു പറക്കുന്നതിനാൽ ഇവയെ റഡാറുകൾ ഉപയോഗിച്ച് കണ്ടെത്തി വെടിവെച്ചിടുക പ്രയാസകരമാണ്. 209 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.

കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ശേഷമാണ് മിസൈൽ വാങ്ങാനുള്ള നടപടികൾ ഇറാൻ വേഗത്തിലാക്കിയത്. അമേരിക്കൻ നാവികസേന പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ട സാഹചര്യത്തിൽ, ഈ മിസൈലുകൾ ഇറാന് വലിയ പ്രതിരോധ കരുത്ത് നൽകും.യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ അമേരിക്കൻ കപ്പലുകൾക്കെതിരെ മേൽക്കൈ നേടാൻ ഇറാനെ ഈ ആയുധങ്ങൾ സഹായിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. കൂടാതെ ബാസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും തകർക്കാൻ കഴിയുന്ന ആയുധങ്ങൾക്കായും ഇറാൻ ചൈനയുമായി ചർച്ച നടത്തുന്നുണ്ട്.

ഇറാൻ ആറ്റമിക് കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഴ്ചകൾ നീളുന്ന യുദ്ധത്തിനാണ് അമേരിക്കൻ പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.എത്ര മിസൈലുകളാണ് ഇറാൻ വാങ്ങുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അമേരിക്കയുടെ ഉപരോധങ്ങളെയും വെല്ലുവിളികളെയും അവഗണിച്ചുള്ള ചൈന-ഇറാൻ പ്രതിരോധ സഹകരണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *