ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ: ഇരിക്കൂറിൽ പത്തു വർഷം മുൻപ് നടന്ന കുഞ്ഞാമിന കൊലക്കേസിലെ പ്രതികളെ ഒടുവിൽ പിടികൂടി. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പിടിയിലായ സംഘത്തിലുള്ളത്. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ.

2016 ഏപ്രിൽ 30-നായിരുന്നു പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന അതിദാരുണമായി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ മകനാണ് കുഞ്ഞാമിനയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ 19-ഓളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന പത്തു പവന്റെ സ്വർണാഭരണങ്ങളും പ്രതികൾ കവർന്നിരുന്നു.

കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് പ്രതികൾ. ഇവർ വ്യാജ പേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. കൊലപാതകത്തിന് പിന്നാലെ ഇവർ താമസസ്ഥലം ഒഴിഞ്ഞുപോവുകയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി പതിനാല് സംസ്ഥാനങ്ങളിലായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിവന്നത്. കൊലപാതകത്തിന് ശേഷം ആദ്യം മഹാരാഷ്ട്രയിലേക്കും പിന്നീട് മധ്യപ്രദേശിലേക്കും ഇവർ കടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *