ലബനന്‍ വീണ്ടും അശാന്തിയിലേക്ക്, ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ ആക്രമണം

ടെല്‍ ആവീവ്: അമേരിക്കയുടെ മധ്യസ്ഥതയില്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരേയുള്ള ആക്രമണം നിര്‍ത്തിവച്ചിരുന്ന ഇസ്രയേല്‍ പൂര്‍വാധികം ശക്തിയോടെ ആക്രമണം വീണ്ടും തുടങ്ങി. ഇസ്രയേല്‍ ആക്രമണമുഖത്തു നിന്നു പിന്‍വാങ്ങിയ ധൈര്യത്തില്‍ രഹസ്യതാവളം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നു പറയുന്നു. ലബനന്റെ തെക്കന്‍ മേഖലയിലെ ഹിസ്ബുള്ള ശക്തികേന്ദ്രത്തിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടുവെന്നു പറയുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. സ്വന്തം സായുധ കേന്ദ്രം ശക്തിപ്പെടുത്തുന്നതിനു വേണ്ട സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രദേശമാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. അവിടെയുണ്ടായിരുന്ന നിരവധി വാഹനങ്ങളും നിശേഷം തകര്‍ന്നു. ഇതോടെ പതിനാലുമാസമായി പ്രദേശത്തു നിലനിന്നിരുന്ന താല്‍ക്കാലിക ശാന്തി വിട്ടുമാറിയതായി കരുതുന്നു.