ടെൽ അവീവ്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പ്രധാന ശാസ്ത്രജ്ഞരെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്റെ ആണവ ശേഷി തകർക്കുന്നതിനായി നടത്തിയ നിർണ്ണായകമായ നീക്കങ്ങളെക്കുറിച്ച് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ആണവ ഗവേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് പ്രമുഖ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു അവകാശപ്പെട്ടു. വർഷങ്ങളായി ഇറാൻ രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരുന്ന ആണവ സംവിധാനങ്ങൾ തകർക്കുകയായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം.
ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ഇറാന്റെ നീക്കങ്ങളെയും തടയാൻ തങ്ങൾ ഏത് അറ്റം വരെയും പോകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.ഇസ്രായേലിന്റെ ഈ നീക്കം ഇറാന്റെ ആണവായുധ സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്.ഇറാനിൽ മൊജ്തബ ഖമേനി പുതിയ പരമാധികാരിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു വെളിപ്പെടുത്തൽ വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

