ബെയ്റൂട്ട്: ഇറാനുനേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഗാസയിലെ യുദ്ധം പ്രാദേശിക തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് ഇരുവിഭാഗവും അതിർത്തികളിൽ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്.
തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കി. തിരിച്ചടിയായി വടക്കൻ ഇസ്രായേലിലെ സൈനിക പോസ്റ്റുകൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇറാന്റെ മണ്ണിൽ ഇസ്രായേൽ നടത്തിയെന്ന് കരുതപ്പെടുന്ന ആക്രമണത്തിന് പിന്നാലെയാണ് ലെബനൻ അതിർത്തിയിലും പ്രത്യാക്രമണങ്ങൾ വർധിച്ചത്. മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനാണ് ഇറാന്റെ നീക്കമെന്ന് നിരീക്ഷകർ കരുതുന്നു.
ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ കമാൻഡർമാർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലെ ജനവാസ മേഖലകളിലും ആക്രമണം കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വടക്കൻ ഇസ്രായേലിൽ നിന്നും തെക്കൻ ലെബനനിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത്.

