ബെയ്റൂട്ട്: ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.ഹിസ്ബുള്ളയുടെ ഔദ്യോഗിക ചാനലായ അൽ-മനാർ ടിവിയിലെ പ്രമുഖ റിപ്പോർട്ടർ അലി ഷുഐബ്, അൽ-മയാദീൻ ടിവിയിലെ റിപ്പോർട്ടർ ഫാത്തിമ ഫ്തൂനി, ക്യാമറാമാൻ മുഹമ്മദ് ഫ്തൂനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഫാത്തിമയും മുഹമ്മദും സഹോദരങ്ങളാണ്.ലബനനിലെ ജസീൻ പട്ടണത്തിന് സമീപം മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. വാഹനം പൂർണ്ണമായും തകർന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് ലബനൻ അധികൃതർ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ നീക്കമെന്നും അവർ കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ലബനൻ അതിർത്തിയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഈ വർഷം കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഇതോടെ അഞ്ചായി ഉയർന്നു.മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചുള്ള ഇത്തരം ആക്രമണങ്ങളിൽ അന്താരാഷ്ട്ര മാധ്യമ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ യുദ്ധം പടരുന്നതിനിടെ റിപ്പോർട്ടിംഗിനായി എത്തുന്നവരുടെ സുരക്ഷ വലിയ ആശങ്കയായി തുടരുന്നു.
ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

