ഇറാൻ തലസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം: ഗാന്ധി ആശുപത്രിയിൽ മിസൈൽ പതിച്ചു

ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം രണ്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിനിടെയാണ് സിവിലിയൻ ലക്ഷ്യമായ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ (ISNA) റിപ്പോർട്ട് ചെയ്തു.

വടക്കൻ ടെഹ്‌റാനിലെ ഗാന്ധി സ്ട്രീറ്റിലുള്ള ആശുപത്രിക്ക് ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. ജനാലകളും വാതിലുകളും തകരുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആശുപത്രിയുടെ അകത്തെ തകർന്നു കിടക്കുന്ന വീൽചെയറുകളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.

മിസൈൽ പതിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി പടരുകയും രോഗികളെയും ജീവനക്കാരെയും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.100-ലധികം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ടെഹ്‌റാനിലെ വിവിധ സർക്കാർ മന്ദിരങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ കേന്ദ്രമായ ഐ.ആർ.ഐ.ബി (IRIB) കോംപ്ലക്‌സിന് നേരെയും ആക്രമണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *