ടെഹ്‌റാൻ/ബെയ്റൂട്ട്: പശ്ചിമേഷ്യയെ വൻ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാന്റെയും ലെബനന്റെയും തലസ്ഥാനങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച (2026 മാർച്ച് 5) പുലർച്ചെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായത്. ഇറാനിയൻ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇസ്രായേലിന്റെ ഈ നീക്കം.
ടെഹ്‌റാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും മിസൈൽ ഉൽപ്പാദന യൂണിറ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ അഞ്ചിലധികം വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപമുള്ള ദഹിയ മേഖലയിലാണ് പ്രധാനമായും ബോംബാക്രമണം ഉണ്ടായത്. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഇസ്രായേൽ വിമാനങ്ങളെ നേരിടാൻ ഇറാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതായും പല മിസൈലുകളും ആകാശത്തുവെച്ച് തകർത്തതായും ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഇർന’ (IRNA) റിപ്പോർട്ട് ചെയ്തു.

