റോം: ട്രംപ് രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാനുള്ള ക്ഷണം ഇറ്റലിയും നിരസിച്ചതായി റിപ്പോർട്ട്.
ഒരു രാജ്യം മാത്രം നേതൃത്വം നല്കുന്ന ഇത്തരം സംഘടനയിൽ ചേരുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ ആശങ്കപ്പെടുന്നുവെന്നാണ് അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ജോർജിയ മെലോണിക്കു ട്രംപുമായി അടുത്ത ബന്ധമാണുള്ളത്.
ട്രംപ് ചെയർമാനായ സമാധാന ബോർഡ് ഗാസയ്ക്കു പുറമേ മറ്റ് അന്താരാഷ്ട്ര സംഘർഷങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നതായിട്ടാണു റിപ്പോർട്ട്. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന ഭീതി ശക്തമായിട്ടുണ്ട്. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങി 60 രാജ്യങ്ങളെ ബോർഡ് അംഗത്വത്തിനായി ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ബോർഡിൽ സ്ഥിരാംഗത്വത്തിന് 100 കോടി ഡോളർ നല്കണമത്രേ. നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ക്ഷണം നിരസിച്ചിരുന്നു.
യുഎഇ, മൊറോക്കോ, വിയറ്റ്നാം, ബെലാറൂസ്, ഹംഗറി, കസാക്കിസ്ഥാൻ, അർജന്റീന എന്നിവയാണ് ബോർഡിൽ അംഗമാകാൻ ശ്രമിച്ച മറ്റു രാജ്യങ്ങൾ.

