കൽക്കട്ട: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതിക്കൊണ്ട് ജമ്മു കശ്മീർ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ശക്തരായ ബംഗാളിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജമ്മു കശ്മീർ കലാശപ്പോരാട്ടത്തിന് അർഹത നേടിയത്.
മത്സരത്തിന്റെ മൂന്നാം ദിവസം ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 99 റൺസിന് പുറത്താക്കിയതാണ് ജമ്മു കശ്മീരിന്റെ വിജയത്തിൽ നിർണ്ണായകമായത്. സീം ബോളിംഗ് ഓൾറൗണ്ടർ ആഖിബ് നബി, സുനിൽ കുമാർ എന്നിവരുടെ ഉജ്ജ്വലമായ ബൗളിംഗ് പ്രകടനമാണ് ബംഗാൾ ബാറ്റിംഗ് നിരയെ തകർത്തത്. ആഖിബ് നബി നാല് വിക്കറ്റുകൾ വീഴ്ത്തി ഒരിക്കൽ കൂടി ടീമിന്റെ രക്ഷകനായി.
വിജയിക്കാൻ 126 റൺസ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ജമ്മു കശ്മീർ 34.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പുറത്താകാതെ 43 റൺസ് നേടിയ വൻഷജ് ശർമ്മയും, 30 റൺസ് നേടിയ അബ്ദുൽ സമദുമാണ് ജമ്മു കശ്മീരിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ജമ്മു കശ്മീർ ഫൈനലിൽ എത്തുന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ആഖിബ് നബി സെമി ഫൈനലിലും നിർണ്ണായക സാന്നിധ്യമായി.ഈ ചരിത്ര വിജയത്തോടെ ഫെബ്രുവരി 24-ന് നടക്കുന്ന ഫൈനലിൽ തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാകും ജമ്മു കശ്മീർ ഇറങ്ങുക.

