മരണാനന്തരവും നാലുപേരിലൂടെ ജാസ്‌ലിയ ജീവിക്കും; നാടിനെ കണ്ണീരിലാഴ്ത്തി അവയവദാനം

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കോളജ് വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസന്റെ (19) അവയവങ്ങൾ ദാനം ചെയ്തു. നാലുപേർക്ക് പുതുജീവൻ നൽകിക്കൊണ്ടാണ് ഈ പത്തൊമ്പതുകാരി ലോകത്തോടു വിടപറഞ്ഞത്. എറണാകുളം എടവനക്കാട് സ്വദേശിനിയായ ജാസ്‌ലിയ അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ രണ്ടാം വർഷ ബി.കോം ഓണേഴ്‌സ് വിദ്യാർത്ഥിനിയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28-ന് അങ്കമാലി ടെൽക് ജംഗ്ഷനിലെ ലക്ഷ്മി ഭവൻ ഹോട്ടലിന് മുന്നിൽ വെച്ചാണ് ജാസ്‌ലിയയ്ക്ക് അപകടം സംഭവിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു വരികയായിരുന്ന ജാസ്‌ലിയയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണ ജാസ്‌ലിയയെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജാസ്‌ലിയയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്‌ലിയയുടെ പിതാവ് ഇന്ന് രാവിലെയാണ് ഇതിനുള്ള സമ്മതപത്രം നൽകിയത്.

ജാസ്‌ലിയയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. കരൾ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും, രണ്ട് വൃക്കകൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും നൽകി. ജാസ്‌ലിയയുടെ നേത്രപടലം അങ്കമാലിയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. കേരള സർക്കാരിന്റെ മൃതസഞ്ജീവനി (KOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.

പഠനത്തോടൊപ്പം സ്‌പോർട്‌സിലും മികവ് പുലർത്തിയിരുന്ന ജാസ്‌ലിയ, ഹോസ്റ്റലിൽ താമസിച്ച് പാർട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനുള്ള ചെലവുകൾ കണ്ടെത്തിയിരുന്നത്.അപ്രതീക്ഷിതമായുണ്ടായ അപകടം ഒരു കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്ത്തിയെങ്കിലും, ജാസ്‌ലിയയുടെ അവയവങ്ങൾ സ്വീകരിച്ചവരിലൂടെ അവൾ ഇനിയും ജീവിക്കുമെന്നത് ആ കുടുംബത്തിന് ആശ്വാസമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *