ലോകനാടക ദിനത്തിൽ ജയപ്രകാശ് കുളൂരിന് രംഗചേതന പുരസ്കാരം; തൃശൂരിൽ നാടകവിസ്മയമൊരുക്കി രംഗചേതന

തൃശൂർ: ലോകനാടക ദിനാഘോഷങ്ങളുടെ ഭാഗമായി ആധുനിക മലയാള നാടകവേദിയിലെ സമഗ്രസംഭാവനയ്ക്കുള്ള രംഗചേതന പുരസ്കാരം പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ജയപ്രകാശ് കുളൂരിന് സമർപ്പിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മലയാള നാടകവേദിയുടെ ഗുരുശ്രേഷ്ഠനെ ആദരിച്ചത്.

രംഗചേതനയുടെ പ്രിയഗുരുനാഥൻ ഡോ. വയലാ വാസുദേവൻ പിള്ളയുടെ പത്നി വത്സല വാസുദേവൻ പിള്ള ജയപ്രകാശ് കുളൂരിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. യുവശില്പി രാജേഷ് തച്ചൻ രൂപകൽപ്പന ചെയ്ത ശില്പവും 10,000 രൂപയും അടങ്ങുന്ന പുരസ്കാരം പ്രൊഫസർ പി. ഗംഗാധരൻ മാസ്റ്റർ കുളൂരിന് സമർപ്പിച്ചു. രംഗചേതന സെക്രട്ടറി ഡോ. ജോയ് പോൾ പ്രശസ്തിപത്രം കൈമാറി.

പ്രൊഫസർ പി.എൻ. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരൻ വി.എസ്. ഗിരീശൻ മാസ്റ്റർ, ഇ.ടി. വർഗീസ്, കെ.വി. ഗണേഷ് എന്നിവർ പ്രസംഗിച്ചു. ഓസ്‌ട്രേലിയയിലെ സാംസ്‌കാരിക സംഘടനയായ ‘സമത’, വിപഞ്ചിക ഗ്രന്ഥശാല, പ്ലാറ്റ്‌ഫോം തിയറ്റർ ഗ്രൂപ്പ്, നാടക് തൃശൂർ ജില്ലാ കമ്മിറ്റി എന്നിവരും കുളൂർ മാഷിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളും അദ്ദേഹത്തെ ആദരിച്ചു. സഞ്ജു മാധവ്, ഗിരീഷ് അവണൂർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

പുരസ്കാര സമർപ്പണത്തിന് മുന്നോടിയായി വൈകുന്നേരം 4:30-ന് ‘ടാർസൺ’ നാടകത്തിന്റെ ആദ്യാവതരണവും തുടർന്ന് ഏഴ് മണിക്ക് രണ്ടാമത്തെ അവതരണവും നടന്നു. ജയപ്രകാശ് കുളൂർ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ പ്രശസ്ത നടന്മാരായ സുനിൽ സുഖദയും എസ്.പി. ശ്രീകുമാറും അരങ്ങിൽ നിറഞ്ഞാടി. സത്യജിത്ത് (സംഗീതം), ജോസ് കോശി (ലൈറ്റ് ഡിസൈൻ), ഫ്രാൻസിസ് ചിറയത്ത് (കലാസംവിധാനം), കെ.വി. ഗണേഷ് (സർഗ്ഗാത്മക സഹകരണം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.

കഴിഞ്ഞ 50 വർഷത്തെ മലയാള നാടകചരിത്രത്തിൽ വേറിട്ട വഴി വെട്ടിത്തെളിച്ച പ്രതിഭയാണ് ജയപ്രകാശ് കുളൂർ. അമേച്ചർ നാടക പ്രസ്ഥാനം പ്രതിസന്ധികളിലൂടെ കടന്നുപോയ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഏകപാത്ര നാടകങ്ങളും വീട്ടുമുറ്റ അരങ്ങുകളും പ്രസ്ഥാനത്തെ സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരളീയ തനിമയുള്ള ലളിതവും നൂതനവുമായ രംഗാനുഭവങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ആദരിക്കാൻ സാധിച്ചത് വലിയ അഭിമാനമാണെന്ന് രംഗചേതന പ്രവർത്തകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *