തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കി. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രായോഗികമായ ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കാനാണ് തീരുമാനം.
കമ്മീഷൻ സമർപ്പിച്ച 500-ൽ അധികം ശുപാർശകൾ നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെ പരിഗണനയിലാണ്. ഓരോ വകുപ്പും തങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാർശകളുടെ പുരോഗതി വിലയിരുത്തുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകൾ ശുപാർശകളിൽ വിശദമായ പരിശോധന നടത്തി വരികയാണ്.
പ്രധാന ശുപാർശകൾ
- തീരദേശ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക.
- മലയോര കർഷകരുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും പരിഹരിക്കുക
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കുക.
- കാർഷിക മേഖലയിലെ തകർച്ച നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

