മെൽബൺ: ഓസ്‌ട്രേലിയയിലെ അഞ്ചിലൊന്ന് തൊഴിലുടമകളും ഈ മാസാവസാനത്തോടെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ എച്ച്‌ആർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ആദ്യ പാദ ‘ക്വാർട്ടർലി ഓസ്‌ട്രേലിയൻ വർക്ക് ഔട്ട്‌ലുക്ക്’ സർവേയിലാണ് ഈ വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത 19 ശതമാനം സംഘടനകളും ആദ്യ പാദത്തിൽ തന്നെ ജീവനക്കാരെ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ജീവിതച്ചെലവ് വർധനവിൽ വലയുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് കനത്ത ആഘാതമാകുന്നതാണ് ഈ കണക്കുകൾ.
എങ്കിലും, 2023-ൽ ഈ സർവേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂന്നാമത്തെ നിരക്കാണിതെന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. സർവേ പ്രകാരം പിരിച്ചുവിടൽ ഭീഷണി ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. ഈ മേഖലകളിൽ 26 ശതമാനം സ്ഥാപനങ്ങളും പിരിച്ചുവിടൽ ആലോചിക്കുന്നു. ഉൽപ്പാദന മേഖലയിൽ ഇത് 23 ശതമാനമാണ്.
സാധാരണയായി സ്വകാര്യ മേഖലയിലാണ് പിരിച്ചുവിടൽ നിരക്ക് കൂടുതൽ കാണാറുള്ളതെങ്കിലും, ഇത്തവണ പൊതുമേഖലയിലാണ് ആശങ്കയേറുന്നത്. പൊതുമേഖലയിൽ 23 ശതമാനവും സ്വകാര്യ മേഖലയിൽ 18 ശതമാനവുമാണ് നിലവിലെ നിരക്ക്. 2026-ന്റെ ആദ്യ മാസങ്ങളിൽ ഇരു മേഖലകളും തമ്മിലുള്ള ഈ വ്യത്യാസം ഗണ്യമായി കുറഞ്ഞുവരികയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വരും മാസങ്ങളിൽ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

