ബ്രിസ്ബെയ്ൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയായി ഓസ്ട്രേലിയൻ പേസർമാർ. എന്നാൽ, ഒരു വശത്ത് ഇളകാതെ ഉറച്ചുനിന്ന് ബാറ്റുചെയ്ത ജോ റൂട്ടിന്റെ (135* റൺസ്) പ്രകടനം ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചു. ഓസ്ട്രേലിയൻ മണ്ണിൽ റൂട്ടിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്.
മിച്ചൽ സ്റ്റാർക്കിന്റെ പ്രഹരത്തിൽ 5 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് സമ്മർദ്ദത്തിലായപ്പോഴാണ് മൂന്നാം ഓവറിൽ റൂട്ട് ക്രീസിലെത്തുന്നത്. ഓപ്പണർ സാക് ക്രൗലിയുമായി (76) ചേർന്ന് 117 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച അദ്ദേഹം ഇന്നിങ്സിന് അടിത്തറയിട്ടു. 30-ാമത്തെ ഓസ്ട്രേലിയൻ ടെസ്റ്റ് ഇന്നിങ്സിലാണ് ഈ 34-കാരൻ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്നത്.
ഒടുവിൽ, പത്താം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ജോഫ്ര ആർച്ചറുമായി (32*) ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ റൂട്ട്, ടീം സ്കോർ 300 കടത്തി. ഓസ്ട്രേലിയയ്ക്കായി 6 വിക്കറ്റുകൾ വീഴ്ത്തിയ പേസർ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച പ്രകടനത്തെ റൂട്ടിന്റെ സെഞ്ചുറി മറികടന്നു.

