യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് മജീദ് ഖദേമി കൊല്ലപ്പെട്ട വിവരം ഇറാൻ സ്ഥിരീകരിച്ചത്.

മജീദ് ഖദേമി എവിടെവെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച യുഎസ്-ഇസ്രയേൽ സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖദേമി കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ ജനറൽ മുഹമ്മദ് കാസമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മജീദ് ഖദേമി ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് എത്തിയത്.

ഇറാന് നേരെ തുടരുന്ന ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി, സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് തുടങ്ങി ഭരണ-സൈനിക രംഗത്തെ പ്രമുഖർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത സൈന്യം ആക്രമണം ശക്തമാക്കിയത്.​ഇറാൻ സൈനിക കമാൻഡിന്റെ സുപ്രധാന പദവിയിലിരുന്ന ഖദേമിയുടെ മരണം രാജ്യത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *