കത്തോലിക്കാ വിശ്വാസിയും, അതേസമയം, കത്തോലിക്കാ സഭയിലെ ഒരു വിമർശകനും പരിഷ്കരണവാദിയുമായിരുന്നു ജോസഫ് പുലിക്കുന്നേൽ. എഴുത്തുകാരൻ, പത്രാധിപർ, അധ്യാപകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം.
പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റം പുലിക്കുന്നേൽ കുടുംബത്തിൽ 1932 ഏപ്രിൽ 14-ന് ജനിച്ചു. സാഹിത്യകാരൻ സക്കറിയ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ്. രവി ഡി.സി. പുത്രിയുടെ ഭർത്താവും.
ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂൾ, മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നു സാമ്പത്തികശാസ്‌ത്രത്തിൽ ഓണേഴ്‌സ് ബിരുദമെടുത്തു.
1958 മുതൽ 1967 വരെ കോഴിക്കോട് ദേവഗിരി കോളജിൽ അധ്യാപകനായിരുന്നു. നിർഭയ പ്രവർത്തനശൈലി കോളജിൽ നിന്നു പുറത്താക്കപ്പെടാൻ കാരണമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1975-ൽ ആരംഭിച്ച ‘ഓശാന’ മാസിക സഭാവിമർശനത്തിലൂന്നി പ്രവർത്തിച്ചു.

ക്രൈസ്തവ സഭായുടെ നിലവിലുള്ള അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവർത്തനരീതികളെയും രൂക്ഷമായി വിമർശിച്ചിരുന്ന ജോസഫ് പുലിക്കുന്നേൽ ‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. മലയാളത്തിൽ ഒരു എക്യുമെനിക്കൽ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത് പ്രവർത്തിച്ചു. ‘ഒശാന ബൈബിൾ’ എന്നാണിത് അറിയപ്പെട്ടുന്നത്…
കോഴിക്കോട് ദേവഗിരി കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേൽ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബർ, കെപിസിസി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ജോസഫ് പുലിക്കുന്നേൽ. കോൺഗ്രസ് നേതാവായ പി.റ്റി.ചാക്കോയുടെ നിര്യാണ ശേഷം അദ്ദേഹത്തെ അനുകൂലിച്ചവർ കെ.എം. ജോർജിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് പുതിയ പാർട്ടി രൂപികരിക്കുന്നത്; പുലിക്കുന്നേൽ വാങ്ങിയ ശവപ്പെട്ടിയിൽ ആണ് പി. ടി. ചാക്കോയുടെ മൃതദേഹം തൃശ്ശൂരിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്. കേരളാ കോൺഗ്രസ്സ് രൂപീകരണനായുള്ള ആ യോഗത്തിന്റെ മിനിറ്റ്സ് എഴുതിയതും അദ്ദേഹമാണ്.(ആ യോഗത്തിൻ പങ്കെടുക്കാത്ത കെ.എം. മാണി കേരളാ കോൺഗസ്സിൻ്റെ സ്ഥാപക നേതാവ് അല്ല.1965-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് കിട്ടാതെ വന്നപ്പോളാണ് കെ. എം. മാണി കേരളാ കോൺഗ്രസിൽ ചേരുന്നത്.)
1965-ൽ കല്പറ്റ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബി. വെല്ലിംഗ്ടനോട് പരാജയപ്പെട്ടു.’പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകൾ’ (ആത്മകഥ), ‘കേരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകൾ’, ‘ഉദയംപേരൂർ സുനഹദോസ്- ഒരു ചരിത്ര വിചാരണ’ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.
ജോസഫ് പുലിക്കുന്നേൽ ഒരു നോവലും എഴുതിയിട്ടുണ്ട്: ‘എൻ്റെ കുരിശുമെടുത്തു നിന്റെ പിന്നാലെ’ എന്ന ആ നോവൽ 1995-ൽ കറന്റ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
സ്‌നേഹസാന്ത്വനത്തിനായി ‘ഗുഡ് സമരിറ്റൻ പ്രോജക്‌ട് ഇന്ത്യ’യ്‌ക്കു രൂപം നൽകി. ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ ഒട്ടേറെപ്പേർക്കു സാന്ത്വനമായിരുന്നു.
ക്രിസ്‌ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്‌തവ പഠനകേന്ദ്രം എന്നിവയും ഇവിടെ പ്രവർത്തിച്ചിരുന്നു. അദ്ദേഹം തന്റെ സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്‌ഥാപനങ്ങൾക്കുമായി എഴുതിവച്ചു.
ഭാര്യ കാവാലം മുണ്ടകപ്പള്ളിയിൽ കൊച്ചുറാണി 2008-ൽ നിര്യാതയായപ്പോൾ ഇടമറ്റത്തെ ഓശാന മൗണ്ടിൽ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.
ജോസഫ് പുലിക്കുന്നേൽ 2017 ഡിസംബർ 28-ന് അന്തരിച്ചു.
‘എന്റെ മൃതദേഹം കുടുംബം വകയായ എന്റെ സ്വന്തം ഭൂമിയിൽ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക, അനുശോചന യോഗം പാടില്ല’– ഇങ്ങനെ ജോസഫ് പുലിക്കുന്നേൽ നേരത്തേ തന്നെ എഴുതിവച്ചിരുന്നു. ശേഷക്രിയകൾ എങ്ങനെ വേണമെന്ന് അദ്ദേഹം മുൻകൂട്ടി തീരുമാനിക്കുകയും അതു നിബന്ധനകളായി അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്‌തു.
അതുപോലെ തന്നെ ചടങ്ങുകൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ പ്രത്യേക ശുശ്രൂഷകളൊന്നും കൂടാതെ മൃതദേഹം ദഹിപ്പിക്കുകയാണു ചെയ്തത്. കണ്ണുകൾ കോട്ടയം മെഡിക്കൽ കോളജിനു ദാനം ചെയ്തു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വീട്ടിലെത്തി പ്രാർഥന നടത്തി.
മക്കൾ: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ.
മരുമക്കൾ: ജോർജ് വാഴേപ്പറമ്പിൽ (ചങ്ങനാശേരി), മഠത്തിൽപറമ്പിൽ അശോക് എം. ചെറിയാൻ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കേൽ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം)

