കോടതി വ്യവഹാരങ്ങളിൽ പെട്ടുഴലുന്നവർക്ക് അഭയമേകുന്ന ജഡ്ജി അമ്മാവൻ കോവിൽ

കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവിലുള്ള ചെറുവള്ളിക്കാവ് പുരാണപ്രസിദ്ധമായ അമ്പലമാണ്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമൊക്കെയുള്ള ചെറുവള്ളിക്കാവ് ദേവി പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത്. അമ്പലത്തിലെ തച്ചുശാസ്ത്ര മികവും വാസ്തുശില്പ രീതികളും ദാരുശില്പങ്ങളുമൊക്കെ പ്രസിദ്ധവും അൽഭുതകരവുമെങ്കിലും ഈ ദേവി ക്ഷേത്രത്തിലെ ലെ ഒരു ഉപദേവാലയമാണ് ഏറെ പ്രകീർത്തിക്കപ്പെടുന്നത്. പൊൻകുന്നം വഴി ചിറക്കടവ് – മണിമല റോഡിലൂടെ എട്ടു കിലോമീറ്റർ ചെന്നാൽ ഈ ദേവസ്ഥാനമെത്തും.

വ്യത്യസ്ത ഉപദൈവാലയങ്ങൾ ഇവിടെയുണ്ടെങ്കിലും ജഡ്ജി അമ്മാവൻ കോവിലാണ് അനുദിനം കൂടുതൽ പ്രശസ്തിയാർജിക്കുന്നത്. ദേവസ്വം ബോർഡിനു കീഴിലുള്ള ഈ ക്ഷേത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതിയാണ് ഭരണം നടത്തുന്നത്.

ധർമ്മരാജാ എന്ന് പുകൾപെറ്റ കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന 18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗോവിന്ദപ്പിള്ളയാണ് നീതിമാനായ ജഡ്ജി അമ്മാവൻ.ധർമ്മ സംസ്ഥാപനം പരമലക്ഷ്യമായിരുന്ന രാജസദസ്സിലെ നീതിമാനായ ന്യായാധിപന് തീർപ്പു കല്പനകളിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലായിരുന്നു. നീതിയും ന്യായവും നിറഞ്ഞ സത്യസന്ധമായ വിധികല്പനകൾ മൂലം രാജ്യത്ത് സമാധാനം നിലനിന്നിരുന്നു. അണുവിട വ്യതിചലിക്കാത്ത ന്യായവിധികൾ രാജഭരണത്തെ പ്രശസ്തമാക്കി. ന്യായാധിപതിയായി തലപ്പത്തിരുന്ന ഗോവിന്ദപ്പിള്ളയും പ്രജകൾക്ക് പ്രിയപാത്രമായി.

എന്നാൽ ഒരിക്കൽ ന്യായാധിപന് മുന്നിലെത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടത് സ്വന്തം അനന്തരവനായ പത്മനാഭപിള്ളയായിരുന്നു.കേസ് വിചാരണയ്ക്കൊടുവിൽ അമ്മാവൻ അനന്തരവന് വധശിക്ഷ വിധിക്കുന്നു.
പിന്നീട് , തന്റെ ശിക്ഷാവിധി പിഴവുമൂലം മരണശിക്ഷ ലഭിച്ച അനന്തരവൻ നിരപരാധിയെന്നു മനസ്സിലാക്കിയ ജഡ്ജി അമ്മാവൻ കുറ്റബോധം കൊണ്ട് നീറി രാജാവിനോട് തന്നെ ശിക്ഷിക്കണമെന്ന്അപേക്ഷിക്കുന്നു.
രാജാവ് എതിർത്തെങ്കിലും പിള്ള പിൻമാറിയില്ല. ഒടുവിൽ ശിക്ഷ സ്വയം തീരുമാനിക്കാൻ രാജാവ് ആവശ്യപ്പെട്ടു.
തന്റെ കാൽപ്പാദങ്ങൾ മുറിച്ചു മാറ്റി പരസ്യമായി മരത്തിൽ തൂക്കിക്കൊല്ലണമെന്നും അപരാധിയായ തന്റെ മൃതദേഹം മൂന്നു ദിവസം നാട്ടുകാർക്ക് മുൻപിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്നും ന്യായാധിപൻ സ്വയം വിധി കൽപ്പിക്കുന്നു.അപ്രകാരം കാര്യങ്ങൾ പൂർത്തിയായി.

എന്നാൽ തുടർന്ന് നാട്ടിലുണ്ടായ ദുർനിമിത്തങ്ങൾ കണ്ട രാജാവ് പ്രശ്നം വെച്ചു. ജഡ്ജി അമ്മാവന്റെയും അനന്തരവന്റെയും ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുകയാണെന്ന് കണ്ടെത്തിയ ജ്യോത്സ്യൻ പരിഹാര ക്രിയകൾ നിർദ്ദേശിച്ചു.ദേവീഭക്തനായ ജഡ്ജിയുടെ ആത്മാവിനെ ചെറുവള്ളിയിലെ പയ്യമ്പള്ളി കുടുംബ സ്ഥാനത്തും മരുമകൻ പിള്ളയെ തിരുവല്ല പനയൂർകാവിലും കുടിയിരുത്തി.ചെറുവള്ളിക്കാവിൽ,നാടുവാണ തമ്പുരാന്റെ അനുമതിയോടെ പ്രതിഷ്ഠയും നടത്തി. കാലം ചെൽകെ പിൻമുറക്കാർശ്രീകോവിലോടു കൂടിയ ക്ഷേത്ര നിർമ്മിതിയും പൂർത്തിയാക്കി.

കാവിലെ ദേവിയുടെ തുല്യപ്രാധാന്യം തന്നെ ജഡ്ജി അമ്മാവനും കല്പിച്ചു പോരുന്നു.ദിനേന,ദേവീ ക്ഷേത്രത്തിലെ വൈകിട്ടുള്ള ശീവേലിയും മറ്റ് പൂജകളും കഴിഞ്ഞ് നടയടപ്പിനു ശേഷമാണ് ജഡ്ജി അമ്മാവനുള്ള പൂജയ്ക്ക് ഉപദേവാലയ നട തുറക്കുന്നത്. രാത്രി എട്ടുമണിയോളമാവും; ചിലപ്പോൾ പിന്നെയും സമയം വൈകും.

അടയാണ് ഇവിടുത്തെ പ്രധാന നൈവേദ്യം. കരിക്ക്, വെറ്റ പാക്ക് എന്നിവ താലത്തിലാക്കി ‘കുടിക്കാൻ കൊടുക്കൽ’ എന്നൊരു വഴിപാടുമുണ്ട്. പീഠത്തിലുള്ള ഒരു പ്രതിഷ്ഠ മാത്രമേ ഉള്ളിലുള്ളു. കീഴ്ശാന്തി നടത്തുന്ന മുക്കാൽ മണിക്കൂർ പൂജയ്ക്ക് ശേഷം നടയടക്കും.ഭക്തർക്ക് , നേദിച്ച വഴിപാടിന്റെ വിതരണവുമുണ്ട്.

കോടതി വ്യവഹാരങ്ങളുടെ കുരുക്കിൽ ജീവിത സമാധാനം നഷ്ടപ്പെടുന്നവർക്കുള്ള അഭയസ്ഥാനമാണ് ജഡ്ജി അമ്മാവൻ കോവിൽ. കുറ്റവാളികൾക്ക് രക്ഷ കൊടുക്കുന്ന സങ്കേതമല്ലിത്. ന്യായവും സത്യവും തന്റെ ഭാഗത്തുണ്ടെന്ന വിശ്വാസത്തോടെ ആർക്കും സമീപിച്ച് ഫലപ്രാപ്തി നേടാവുന്ന സന്നിധിയാണിത്.
സത്യത്തിനും ന്യായത്തിനുമായി ജീവസമർപ്പണം നടത്തിയ ഒരു വിശുദ്ധാത്മാവിന്റെ ആശീർവാദവും സാന്നിദ്ധ്യവും തങ്ങൾക്ക് വഴിവെളിച്ചം പകരും എന്ന വിശ്വാസത്തോടെ എത്തുന്നവർക്ക് ആശ്വാസമേകും ഈ ക്ഷേത്ര ദർശനം.സ്വച്ഛവും സുന്ദരവുമായ ആത്മശാന്തി നൽകുന്ന ഈ അമ്പലവും പരിസരവും തളർന്ന മനസുകൾക്ക് ഊർജ്ജമേകും.

പ്രശസ്തരും പ്രമുഖരുമായ അനേകർ ഈ ദിവ്യ സന്നിധി തേടിയെത്തുന്നു.രാഷ്ട്രീയ സാമൂഹിക സിനിമാ രംഗത്തെ പ്രമുഖരുടെ സന്ദർശനം കൊണ്ട് ദേശ ശ്രദ്ധ നേടിയിട്ടുണ്ടിവിടം.അടുത്ത കാലത്ത് നടൻ ദിലീപിന്റെ സന്ദർശനം , രാഷ്ട്രീയ രംഗത്ത് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിലുൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന്റെ വരവ് , വിവാദ കോടതിക്കേസുകളിൽ പെട്ട മറ്റാളുകൾ വരുന്നത് ഒക്കെ കാരണം ജഡ്ജി അമ്മാവൻ കോവിൽ കൂടുതൽ ജനശ്രദ്ധ നേടുന്നു.

വിവിധ മതക്കാർ വിശ്വാസത്തോടെ പ്രാർത്ഥിക്കാനെത്തുന്നുണ്ടിവിടെ.വിശ്വാസമല്ലേ എല്ലാം .എത്ര വേണമെങ്കിലും കുറ്റം ചെയ്തവർ രക്ഷപെട്ടോട്ടെ; പക്ഷേ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കുകയാണ് വേണ്ടത്.ജഡ്ജി അമ്മാവൻ എന്ന ഈ ദൈവീക മധ്യസ്ഥൻ അതിന് സഹായിക്കട്ടെ.

വിവരങ്ങൾക്ക് കടപ്പാട് :
ക്ഷേത്രോപദേശക സമിതി,
ജയചന്ദ്രൻ പി. നായർ ചെറുവള്ളി

ആൻസി സാജൻ

Leave a Reply

Your email address will not be published. Required fields are marked *