തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ തന്നെ ഏറ്റവും മോശം പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ നടത്തിയ വര്‍ഷമാണ് ഇത്. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയത്. 10 വര്‍ഷം ചെയ്യാതിരുന്നത് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. ന്യൂ നോര്‍മല്‍ എന്നാല്‍ തോന്നിയതു പോലെ ബജറ്റില്‍ പറയുക അത് നടപ്പാക്കിതിരിക്കുക എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
2021 ല്‍ അധികാരത്തില്‍ വന്നതും പെന്ഷന് വര്‍ധിപ്പിക്കുമെന്നു പറഞ്ഞാണ്. ഇപ്പോഴും അതു തന്നെയാണ് പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ക്ഷേമ പെന്ഷന് തുടങ്ങിയത് ഏതു സര്‍ക്കാരിന്റെ കാലത്താണെന്ന് ജനങ്ങള്‍ക്കറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറിന്റെ കാലത്താണ് പെന്ഷന് പദ്ധതി തുടങ്ങിയത്. സിപിഎം ഗവണ്മെന്റിന്റെ കാലത്തല്ല.
സര്‍ക്കാര്‍ പറയുന്ന കണക്കും പ്രവര്‍ത്തിക്കുന്ന രീതിയും രണ്ടും രണ്ടാണ്. വരാന്‍ പോകുന്ന ഗവണ്മെന്റിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റാണ് നടപ്പാക്കിയിരിക്കുന്നത്. നടപ്പാക്കാന്‍ പോകുന്ന ബജറ്റ് യുഡിഎഫ് അവതിരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

