കാടിറങ്ങി വന്ന വനസുന്ദരിക്ക് വന്‍ തിരക്ക്

സരസ് മേളയിലെ കുടുബശ്രീ മെഗാ ഭക്ഷ്യമേളയില്‍ കാടിറങ്ങി വന്ന അടപ്പാടിയിലെ വനസുന്ദരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. അട്ടപ്പാടി കൂക്കം പാളയം ആദിവാസി ഉന്നതിയിലെ രുചി പൂരം കുടുംബശ്രീ അംഗങ്ങളായ അമല അഭയ കുമാര്‍, സരോജിനി, വിജികി എന്നിവരാണ് വനസുന്ദരി തയ്യാറാക്കുന്നത്.

പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളില്‍ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ പ്രധാന രുചിക്കൂട്ട്.

പച്ചനിറത്തില്‍ തീന്‍മേശയിലേക്ക് എത്തുന്ന വനസുന്ദരി അട്ടപ്പാടി ആദിവാസി ഉന്നതികളിലെ തനത് വിഭവമാണ്. മസാലപൊടികള്‍ ഒന്നും ചേര്‍ക്കാതെയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഒരു പ്ലേറ്റിന് 200 രൂപയാണ് വില. റസ്റ്റോറന്റുകളില്‍ ലഭ്യമല്ലാത്ത വനസുന്ദരിക്ക് തിരക്കേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *