ലോകോത്തര സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; ആയിരങ്ങള്‍ക്ക് തണലേകാന്‍ കളമശ്ശേരിയിലെ കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍

ലോകമെമ്പാടുമുള്ള ജനങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ‘കേരള മോഡല്‍’ പൊതുജനാരോഗ്യം.ആ പാരമ്പര്യത്തിന് മാറ്റുകൂട്ടിക്കൊണ്ട്, മധ്യകേരളത്തിന്റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാന്‍ സജ്ജമായിരിക്കുകയാണ് കളമശ്ശേരിയിലെ കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍.ക്യാന്‍സര്‍ എന്ന മഹാവ്യാധിയോട് പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസത്തിന്റെ തണലാകാന്‍ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി,വെറുമൊരു ആശുപത്രി എന്നതിലുപരി ലോകോത്തര പഠന-ഗവേഷണ കേന്ദ്രം കൂടിയായി മാറുകയാണ്.

ലോകോത്തര സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍

ഏകദേശം 384.34 കോടി രൂപ മുടക്കി നിര്‍മ്മിച്ച കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍, സൗകര്യങ്ങളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ്.

100 കിടക്കകള്‍: ഒരേസമയം നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണം.

5 അത്യാധുനിക തിയേറ്ററുകള്‍: സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കായി സജ്ജീകരിച്ച 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍. ഇതില്‍ ഒന്ന് ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്.

ചികിത്സയ്‌ക്കൊപ്പം ഗവേഷണത്തിനും ഊന്നല്‍ മറ്റു ക്യാന്‍സര്‍ സെന്ററുകളില്‍ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഗവേഷണ കേന്ദ്രം: ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രം 10,000 ചതുരശ്ര അടി സ്ഥലം.

സ്റ്റാര്‍ട്ടപ്പ് ഹബ്ബ്: ക്യാന്‍സര്‍ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഇടം.

ആശ്വാസമായി കൂടുതല്‍ തസ്തികകള്‍

സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഭാഗമായി 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വിദഗ്ധരായ ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍,പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ വലിയൊരു നിര തന്നെ സെന്ററില്‍ ലഭ്യമാകും. ഇത് രോഗികള്‍ക്ക് മികച്ച പരിചരണവും വേഗത്തിലുള്ള ചികിത്സയും ഉറപ്പാക്കാന്‍ സഹായിക്കും.

ക്യാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പകച്ചുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കോ അന്യസംസ്ഥാനങ്ങളിലേക്കോ ഉള്ള ദൂരയാത്രകളും വന്‍കിട ആശുപത്രികളിലെ ഭീമമായ ചികിത്സാ ചിലവുകളും പല കുടുംബങ്ങളെയും തളര്‍ത്തിയിരുന്നു. മധ്യ കേരളത്തിലെ രോഗികള്‍ക്ക് ഇനി വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ താണ്ടേണ്ടി വരില്ല. രോഗനിര്‍ണ്ണയം മുതല്‍ ഗവേഷണം വരെ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍,ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ കേരളം ലോകത്തിന് തന്നെ വഴികാട്ടിയാവുകയാണ്.

അത്യാധുനിക യന്ത്രസാമഗ്രികള്‍ക്കൊപ്പം പുതുതായി നിയോഗിക്കപ്പെടുന്ന 159 ഓളം ആരോഗ്യ പ്രവര്‍ത്തകരുടെ കരുതല്‍ കൂടി ചേരുന്നതോടെ കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.സാമ്പത്തിക പ്രയാസങ്ങള്‍ ചികിത്സയ്ക്ക് തടസ്സമാകരുത് എന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇവിടെ പൂവണിയുന്നത്.

ക്യാന്‍സറിനെ തോല്‍പ്പിച്ച്,ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ഇനി മലയാളിക്കൊപ്പം ഈ കരുത്തുറ്റ ചികിത്സാ സംവിധാനമുണ്ടാകും.വരും തലമുറയ്ക്ക് രോഗരഹിതമായ ഒരു നാളെയെ വാഗ്ദാനം ചെയ്തുകൊണ്ട് സി.സി.ആര്‍.സി ഉടന്‍ വാതില്‍ തുറക്കുമ്പോള്‍, അത് കേരളത്തിന്റെ ആരോഗ്യചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാകും.

Leave a Reply

Your email address will not be published. Required fields are marked *