കല്ലറയ്ക്ക് ഇനി പുതിയ പോലീസ് സ്‌റ്റേഷന്‍; മൂന്നു നിലകളിലായി പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി

കല്ലറ ഗ്രാമപഞ്ചായത്തിലെ പൊലീസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായി.കുറവിലങ്ങാട് ചേര്‍ത്തല മിനി ഹൈവേക്ക് അരികില്‍ ചന്തപ്പറമ്പില്‍ 3750 ചതുരശ്ര അടിയില്‍ മൂന്നുനിലകളിലായിട്ടാണ് പുതിയ പോലീസ് സ്റ്റേഷന്‍.പോലീസ് സ്റ്റേഷനായി 30 സെന്റ് സ്ഥലവും 2250 ചതുരശ്ര അടിയുള്ള രണ്ടുനിലകെട്ടിടവും കല്ലറ ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനല്‍കിയിരുന്നു.കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-2020 പ്ലാന്‍ഫണ്ടില്‍ നിന്നുള്ള 33.66 ലക്ഷം വിനിയോഗിച്ചാണ് രണ്ടുനിലകെട്ടിടം നിര്‍മിച്ചത്. ഒരു നിലയും പോര്‍ച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1500 അടി കൂട്ടിച്ചേര്‍ത്ത് വിപുലമായ സൗകര്യങ്ങള്‍ കൂടി പിന്നീട് ഒരുക്കി.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍,സബ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ മുറികള്‍, ഓഫിസ് മുറികള്‍,വിശ്രമ മുറി,ലോക്കപ്പ്,തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതിനുളള മുറി,ശുചിമുറികള്‍ എന്നിവയടക്കമുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി.കെട്ടിടം വിപുലീകരിക്കുന്നതിനും സ്റ്റേഷനിലെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സി.കെ. ആശ എം.എല്‍.എയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്ന് 36.50 ലക്ഷം രൂപയാണ് അനുവദിച്ചത്.

വൈക്കം,കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സ്റ്റേഷന്‍ നിലവില്‍ വരുന്നത്.പേര് കല്ലറ പോലീസ് സ്റ്റേഷന്‍ എന്നാക്കുന്നതിനും അതിര്‍ത്തി നിര്‍ണയത്തിനുമായി ഗസറ്റ് വിജ്ഞാപന നടപടികളും പൂര്‍ത്തിയാകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *