എറണാകുളം: കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയിട്ടുള്ള കല്‍പന ചൗള സയന്‍സ് സെന്ററില്‍ സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര കണ്ടെത്തലുകളുടെ കരുത്തു വര്‍ദ്ധിപ്പിക്കാന്‍ സയന്‍സ് എക്‌സിബിഷനുകള്‍ക്ക് കഴിയുമെന്നും നഗര ഭരണത്തില്‍ ശാസ്ത്രീയ വിവരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുമെന്നും ഉത്ഘാടനം ചെയ്തു കൊണ്ട് കൊച്ചി മേയര്‍ അഡ്വ.വി.കെ മിനിമോള്‍ പറഞ്ഞു
.ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനത്തിനാണ് തുടക്കമായിരിക്കുന്നത്. കല്‍പന ചൗള സയന്‍സ് സെന്റര്‍ എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 180 ലധികം സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാകും.
ദേശീയ-സംസ്ഥാനതലത്തിലുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ ആര്‍ ആൻഡ് ഡി പ്രദര്‍ശനങ്ങള്‍, ലൈവ് സാങ്കേതിക പ്രകടനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളും ഇന്‍ക്യുബേറ്ററുകളും, വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ഒരുക്കുന്ന ഇന്ററാക്ടീവ് ശാസ്ത്ര പ്രദര്‍ശനങ്ങള്‍ എന്നിവയാണ് എക്സിബിഷനിലെ പ്രധാന ആകര്‍ഷണങ്ങള്‍.
രാജ്യത്തെ ശാസ്ത്രസാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനങ്ങളെ ഒരുമിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, എന്‍ജിഒകള്‍, ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ സംസ്ഥാന ശാസ്ത്ര കൗണ്‍സിലുകള്‍ തുടങ്ങി ബഹിരാകാശം, സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം, ഊര്‍ജ്ജം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും, സാങ്കേതിക മുന്നേറ്റങ്ങളും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനത്തിലൂടെ നേരിട്ട് പരിചയപ്പെടാന്‍ കഴിയും. ഫെബ്രുവരി രണ്ട് വരെ, രാവിലെ 9 മണി മുതല്‍ വൈകിട്ട് ഏഴുവരെ തുടരുന്ന എക്‌സിബിഷനില്‍ പ്രവേശനം സൗജന്യമാണ്.

