ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ചൊവ്വാഴ്ച

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

കൊടിമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്‌ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. പുലിവാഹനത്തിലേറിയ അയ്യപ്പൻ, ദേവതാരൂപങ്ങൾ, വർണ്ണക്കാവടി, മയിലാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും.

ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (ഡിസംബർ 24) വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *