ന്യൂഡൽഹി: തമിഴ് നടനും തമിഴഗ വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ് കരൂർ തിരക്ക് ദുരന്തവുമായി ബന്ധപ്പെട്ട സി.ബി.ഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ടു. സി.ബി.ഐ നൽകിയ പുതിയ സമൺസിന് മറുപടിയായാണ് വിജയ് നിയമസംഘം വഴി സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
കരൂർ ജില്ലയിലെ പൊതുയോഗത്തിനിടെ ഉണ്ടായ തിരക്കിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി മാർച്ച് 10-ന് ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് വിജയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സംബന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മറ്റ് വ്യക്തിപരമായ ബാധ്യതകളും കാരണം ഇപ്പോൾ ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് വിജയ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചോദ്യം ചെയ്യൽ തമിഴ്നാട്ടിലെ ചെന്നൈയിലോ സംസ്ഥാനത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തോ നടത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
കരൂർ ദുരന്തക്കേസുമായി ബന്ധപ്പെട്ട് വിജയ് ഇതിനകം രണ്ട് തവണ സി.ബി.ഐ മുമ്പാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ ലഭിച്ച പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും ചോദ്യം ചെയ്യൽ ആവശ്യപ്പെട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

