കൊച്ചി: നഗരവാസികൾക്ക് വ്യായാമത്തിനും ഉല്ലാസത്തിനുമായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കസ്തൂർബ നഗർ പാർക്ക് ഹൈബി ഈഡൻ എം.പി. നാടിന് സമർപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 55 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കൊച്ചി നഗരത്തിൽ പൊതുഇടങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഒത്തുചേരാനും വിശ്രമിക്കാനും ഇത്തരം പാർക്കുകൾ അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം.എൽ.എ. പറഞ്ഞു.
കോവിഡിന് ശേഷം നഗരങ്ങളിൽ ഓപ്പൺ സ്പേസുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്നും വലിയ പണം മുടക്കാതെ സാധാരണക്കാർക്ക് വ്യായാമം ചെയ്യാനും ഉല്ലസിക്കാനും ഇത്തരം ഇടങ്ങൾ ആവശ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഹൈബി ഈഡൻ എം.പി. വ്യക്തമാക്കി. അത്യന്താധുനികമായ ഒട്ടനവധി സൗകര്യങ്ങളാണ് പൊതുജനങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ ജിം, ബാഡ്മിന്റൺ കോർട്ട്, ജോഗിങ് ട്രാക്ക്, വാക്കിംഗ് ട്രാക്ക് എന്നിവയ്ക്ക് പുറമെ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. വിനോദത്തിനായി എഫ്.എം റേഡിയോ സംവിധാനവും സ്പീക്കറുകളുടെ സഹായമില്ലാതെ ബ്ലൂടൂത്ത് വഴി പ്രവർത്തിപ്പിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ സംവിധാനവും പാർക്കിന്റെ പ്രത്യേകതയാണ്. സന്ദർശകർക്കായി സൗജന്യ വൈഫൈ സൗകര്യവും ഇവിടെ ലഭ്യമാണ്.
കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ, ഡിവിഷൻ കൗൺസിലർമാരായ കെ.എക്സ്. ഫ്രാൻസിസ്, കെ.എസ്. അഭിഷേക്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

