സിഡ്നി: ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും ലിബറല്‍ പാര്‍ട്ടിയുടെ അധ്യക്ഷയുമായി കെല്ലി സ്ലൊവന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്ക് സ്പീക്ക്മാന്‍ പുറത്തേക്കു പോകുന്ന ഒഴിവിലാണ് കെല്ലി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്നത്. സ്പീക്ക്മാന്‍ തന്നെയാണ് സ്ലൊവന്റെ പേര് നേതൃത്വത്തിലേക്ക് നിര്‍ദേശിക്കുന്നത്. എതിര്പ്പുയര്ത്തുമെന്നു കരുതിയിരുന്ന നിഴല്‍ അറ്റോര്‍ണി ജനറല്‍ മത്സരത്തില്‍ നിന്നു പിന്മാറുകയും ചെയ്തതോടെ സ്ലൊവന്റെ തിരഞ്ഞെടുപ്പ് എതിരില്ലാതെയായി.
വൗക്ലൂസില് നിന്നുള്ള ജനപ്രതിനിധിയാണ് സ്ലൊവന്‍. ആദ്യതവണയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്കെത്തുന്നത്. ഇവരുടെ നേതൃത്വത്തിലാണ് 2027ലെ തിരഞ്ഞെടുപ്പിനെ ന്യൂ സൗത്ത് വെയില്‍സിലെ ലിബറല്‍ പാര്‍ട്ടി നേരിടേണ്ടത്. പാര്‍ട്ടി ഉപാധ്യക്ഷയായി നതാലി വാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഉപ പ്രതിപക്ഷ നേതാവായി ജസ്റ്റില് ക്ലാന്‍സിയും തിരഞ്ഞെടുക്കപ്പെട്ടു.
പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തകയും വ്യവസായ സംരംഭകയുമായിരുന്നു സ്ലൊവന്‍. തിരഞ്ഞെടുക്കപ്പെട്ടയുടന്‍ ആരോഗ്യകാര്യ നിഴല്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

