വിദ്യാഭ്യാസ മാതൃകയായി കേരളം

ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തക പരിഷ്‌കരണം നിശ്ചിത സമയത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കി കേരളം രാജ്യത്തിന് മാതൃകയാകുന്നു. 2025 അധ്യയന വർഷത്തിൽ തന്നെ പരിഷ്‌കരിച്ച പുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതോടെ, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ആകെ 597 ടൈറ്റിൽ പാഠപുസ്തകങ്ങളും അവയ്ക്കുള്ള ടീച്ചർ ടെക്സ്റ്റുകളുമാണ് പൂർത്തിയായത്. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഹയർ സെക്കൻഡറി മേഖലയിലും പാഠപുസ്തക പരിഷ്‌കരണം അതിവേഗം പുരോഗമിക്കുകയാണ്. 2026 അധ്യയന വർഷം മുതൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ ലഭ്യമാകും. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവയുൾപ്പെടെ 41 ടൈറ്റിലുകളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിട്ടുള്ളത്. വരുന്ന ഫെബ്രുവരി രണ്ടാം വാരത്തിൽ ഈ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. വെറും വായനയ്ക്കപ്പുറം പ്രായോഗിക പഠനത്തിന് മുൻഗണന നൽകുന്ന നൂതനമായ ശൈലിയാണ് ഹയർ സെക്കൻഡറി പുസ്തകങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ രാജ്യത്തിന് തന്നെ വഴികാട്ടിയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഈ വിദ്യാഭ്യാസ പരിഷ്‌കരണ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *