തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിശ്ചയിച്ചിട്ടുള്ള പ്രകാരം ഏപ്രിൽ 9-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലങ്ങൾ മെയ് 4-ന് പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി മാർച്ച് 16-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആയി നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് മാർച്ച് 24-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ പത്രികകൾ പിൻവലിക്കാൻ മാർച്ച് 26 വരെ അവസരമുണ്ടായിരിക്കും. തിരഞ്ഞെടുപ്പ് നടപടികൾ മെയ് 6-ഓടെ പൂർണ്ണമായും അവസാനിക്കും.നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി മെയ് 23-ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്.
ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും തമ്മിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നടക്കുന്നത്.

