ഒഡിഷയെ തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം

ദിബ്രുഗഢ്: സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പ് തുടർന്ന് കേരളം. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്.

മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്‌ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തിൽ ഒഡിഷ ആധിപത്യം പുലർത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റിൽ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് നിന്ന് ഒഡിഷ പ്രതിരോധതാരം നൽകിയ പാസ് പിഴച്ചു. പന്ത് പിടിച്ചെടുത്ത ഷിജിൻ തകർപ്പൻ ഡ്രിബ്ലിങ്ങുമായി മുന്നേറിയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ പിന്നീട് ഗോൾ വീണില്ല. രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ടാണ് ഒഡിഷ ഇറങ്ങിയത്. എന്നാൽ കേരളം വിട്ടുകൊടുത്തില്ല. പലതവണ കേരളത്തിന്റെ ബോക്‌സിലേക്ക് ഒഡിഷ താരങ്ങൾ ഇരച്ചെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതി പ്രതിരോധിച്ച കേരളം ജയത്തോടെ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *