കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറ്റത്തിനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു.മുന്‍ എം എല്‍ എ ഐഷാ പോറ്റി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ജോസ് കെ. മാണി യുഡിഎഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹം പടര്‍ന്നത്.അതേ സമയം പാര്‍ട്ടി എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് വ്യക്തമാക്കിയത്.
എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്നത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് തര്‍ക്കത്തിന്റെ പ്രധാന കാരണമെന്നാണ് സൂചന.പാലാ ഉള്‍പ്പെടെയുള്ള തങ്ങളുടെ കോട്ടകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം). എന്നാല്‍ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടലുകള്‍ ജോസ് കെ. മാണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
റബ്ബറിന്റെ തറവില വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന ആരോപണം കര്‍ഷകര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.
അതേ സമയം രാഷ്ട്രീയ വിസ്മയങ്ങള്‍ വരാനിരിക്കുന്നു’ എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേരള കോണ്‍ഗ്രസ് (എം)-നെ ലക്ഷ്യം വെച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.എന്നാല്‍ പി.ജെ.ജോസഫ് വിഭാഗം ജോസ് കെ. മാണിയുടെ മടങ്ങിവരവിനോട് അത്ര അനുകൂലമല്ല.ജോസ് വിഭാഗം വന്നാല്‍ യു.ഡി.എഫിലെ സീറ്റ് വിഭജനം സങ്കീര്‍ണ്ണമാകുമെന്ന് അവര്‍ ഭയപ്പെടുന്നു.പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ യു.ഡി.എഫിലേക്ക് പോകണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന റോഷി അഗസ്റ്റിനെപ്പോലെയുള്ളവര്‍ പെട്ടെന്നൊരു മുന്നണി മാറ്റത്തിന് തയ്യാറല്ല.

