ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ശക്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം. ആസാമിലെ സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് കേരളത്തിന്‍റെ ജയം. കളിയുടെ ആദ്യ പകുതിയിൽ മറുപടിയില്ലാതെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മുഹമ്മദ് അജ്സൽ ഇരട്ടഗോൾ മികവിലാണ് കേരളത്തിന്‍റെ വിജയക്കുതിപ്പ്.
ആദ്യ പകുതിയുടെ 27-ാം മിനിറ്റിൽ പഞ്ചാബ് താരം ജതീന്ദർ സിംഗാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനിറ്റിൽ എം. മനോജിന്‍റെ ഗോളിൽ കേരളം സമനില പിടിച്ചു. പിന്നാലെ കനത്ത പോരാട്ടത്തിനൊടുവിൽ 58, 62 മിനിറ്റുകളിൽ മുഹമ്മദ് അജ്സൽ തുടർച്ചയായി വലകുലുക്കിയതോടെ മത്സരം 3–1ന് അവസാനിച്ചു.
ഗ്രൂപ്പ് ബിയിൽ 24ന് റെയിൽവേസുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്.

