ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ വകയിരുത്തിയ തുകയിൽ പകുതിയിലേറെയും സംസ്ഥാനത്തിന് ലഭിച്ചില്ലെന്ന് റിപ്പോർട്ട്. കേരളത്തിനായി വകയിരുത്തിയ 3,032 കോടി രൂപയിൽ 1,064 കോടി രൂപ മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മതിയായ അപേക്ഷകൾ സംസ്ഥാനം നൽകാത്തതാണ് തുക ലഭിക്കാത്തതിന് പ്രധാന കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു.
പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും ആരോഗ്യ മേഖലയുടെ പുരോഗതിക്കുമായാണ് പ്രധാനമായും തുക അനുവദിച്ചിരുന്നത്. പ്രകൃതി ദുരന്ത നിവാരണത്തിനായി 311.95 കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു. ഇതിൽ വയനാട് ഉരുൾപൊട്ടൽ മേഖലകൾക്കുള്ള 72 കോടി രൂപയും ഉൾപ്പെടുന്നു. കൂടാതെ, കാട്ടുതീ തടയുന്നതിന് 17.73 കോടി രൂപയും നഗരമേഖലയിലെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കായി 222.22 കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാൽ ഈ തുകകൾ കൈമാറാൻ ആവശ്യമായ അപേക്ഷകൾ സംസ്ഥാനം നൽകാത്തതിനാൽ പണം അനുവദിക്കാൻ കഴിഞ്ഞില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ധനസഹായം അനുവദിക്കുന്നതും അത് കൈമാറുന്നതും രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെടുകയോ അപേക്ഷ നൽകുകയോ ചെയ്താൽ മാത്രമേ തുക അനുവദിക്കാനാവൂ. ലോക്സഭയിൽ ചോദ്യോത്തര വേളയിൽ കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. അപേക്ഷ നൽകുന്നതിലെ വീഴ്ച കാരണം വലിയൊരു തുകയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.

