അബുദാബി : ഗ്രാമീണ ഉത്സവക്കാഴ്ച്ചകളും നാട്ടുചന്തകളും തട്ടുകടകളും തനിനാടന്‍ രുചികളുമൊരുക്കി കേരള സോഷ്യല്‍ സെന്ററില്‍ ആരംഭിച്ച കേരളോത്സവത്തിലേക്ക് ജനപ്രവാഹം. വീടുകളില്‍നിന്നും തയാറാക്കിയ ഭക്ഷണ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണ സ്റ്റാളുകളാണ് പ്രധാന ആകര്‍ഷണം.
മലയാളികളുടെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ മറുനാട്ടുകാരും എത്തുന്നുണ്ട്. പ്രദര്‍ശന സ്റ്റാളുകള്‍, സൗജന്യ മെഡിക്കല്‍ ക്യാംപ്, ശാസ്ത്ര പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങി 3 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിലേക്ക് പ്രവാസി മലയാളികളുടെ ഒഴുക്ക് തുടരുകയാണ്. സമാപന ദിവസമായ ഇന്നു നടക്കുന്ന പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പില്‍ ജേതാവിന് നിസ്സാന്‍ മാഗ്നൈറ്റ് കാര്‍ സമ്മാനിക്കും. രണ്ടാം സമ്മാനമായി 10 ഗ്രാം സ്വര്‍ണം വീതം 5 പേര്‍ക്ക് നല്‍കും. ഇതുള്‍പ്പെടെ മൊത്തം 106 പേര്‍ക്കാണ് ഇത്തവണ സമ്മാനങ്ങള്‍ നല്‍കുക.
അല്‍ മസൂദ് ഓട്ടോമൊബൈല്‍സ് മാര്‍ക്കറ്റിങ് പ്രതിനിധി ഓല കോസ്ത കേരളോത്സവം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, ജോയിന്റ് സെക്രട്ടറി ഷബീര്‍, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ എ.കെ.ബീരാന്‍കുട്ടി, ഗണേശ് ബാബു (ജമിനി ബില്‍ഡിങ് മറ്റീരിയല്‍സ്), രാജന് (പവര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്),രവി തങ്കപ്പന് (ബോട്ടിം), രജീഷ് (പ്യുര്‍ ആയുര്‍വേദിക്), അരുണ്‍ (വിന്‍സ്മേര), വിവിധ സംഘടനാ പ്രതിനിധികളായ സലിം ചിറക്കല്‍, കെ.വി.ബഷീര്‍, രാകേഷ്, ഗഫൂര്‍ എടപ്പാള്‍ എന്നിവര്‍ പ്രസംഗിച്ചു. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് അബുദാബി ട്രാഫിക് പൊലീസ് പ്രതിനിധി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

