തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദമായ പിഎം ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്തയച്ചു. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിഎം ശ്രീ പദ്ധതിയില്‍ നിന്നു കേരളം പിന്‍മാറുന്നതായി പ്രഖ്യാപിച്ചെങ്കിലും അതു സംബന്ധിച്ച് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. അരമനസോടെയെടുത്ത തീരുമാനം നടപ്പാക്കാന്‍ ശ്രമിക്കാതെ സിപിഎം ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. ഇതു സംബന്ധിച്ച് സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് എതിര്‍പ്പ് അറിയിച്ചതോടെയാണ് കേന്ദ്രത്തിനു കത്തയയ്ക്കുന്നത്. കത്ത് അയച്ച കാര്യം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
പിഎം ശ്രീ പദ്ധതിയോടുള്ള കേരളത്തിന്റെ സഹകരണം തര്‍ക്ക വിഷയമാക്കി എസ്എസ്‌കെ (സമഗ്ര ശിക്ഷ കേരളം) പദ്ധതിയില്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട വിഹിതം കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയായിരുന്നു. പിഎംശ്രീയില്‍ സഹകരിക്കാനുള്ള സന്നദ്ധത സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് ഇതില്‍ 109 കോടി രൂപ കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇനിയും അതില്‍ ലഭിക്കാനുള്ളത് 17.6 കോടി രൂപ മാത്രമാണ്.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും തല്‍ക്കാലം നടപ്പാക്കാനാകില്ലെന്നാണ് കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നതെന്നറിയുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു കത്ത് തയാറാക്കിയത്. അതിനു ശേഷം മുഖ്യമന്ത്രിയുടെ അംഗീകാരത്തിനു നല്‍കുകയും ചെയ്തു. അതിനു ശേഷം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകിയുടെ പേരിലാണ് കേന്ദ്രത്തിനു കത്തു പോയിരിക്കുന്നതെന്നറിയുന്നു.

