കേരളം പോളിംഗിലേക്ക്: അന്തിമ ചിത്രം തെളിഞ്ഞു; മത്സരരംഗത്ത് 890 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ പട്ടിക പുറത്തുവിട്ടത്.വിവിധ മണ്ഡലങ്ങളിലായി ആകെ 95 പേർ തങ്ങളുടെ പത്രിക പിൻവലിച്ചു. വിമതരും അപരന്മാരും ഉൾപ്പെടെയുള്ളവരാണ് പത്രിക പിൻവലിച്ചവരിൽ ഭൂരിഭാഗവും. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 13 സ്ഥാനാർത്ഥികളാണ് ഉള്ളത്. തിരുവനന്തപുരം, പേരാവൂർ, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതം മത്സരത്തിനുണ്ട്.തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പത്രികകളാണ് സാധുവായി കണ്ടെത്തിയത്. ഇതിൽ നിന്നാണ് 95 പേർ പിന്മാറിയത്. അന്തിമ പട്ടിക തയ്യാറായതോടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *