കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് ഇന്ത്യയുടെ തന്നെ അഭിമാനമായി മാറുന്ന രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇൻസ്റ്റിറ്റ്യൂട്ടിന് കോഴിക്കോട്ട് തുടക്കമായി. Kerala Institute of Organ and Tissue Transplant (KIOTT)) നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനികമായ അവയവമാറ്റ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കായി മാത്രമായി ഒരുങ്ങുന്ന ഈ പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വലിയൊരു നാഴികക്കല്ലാണ്.
സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് പുറമെ ഈ രംഗത്തെ ഗവേഷണങ്ങൾക്കും ജീവനക്കാരുടെ പ്രത്യേക പരിശീലനത്തിനും KIOTT നേതൃത്വം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികളും ആരോഗ്യ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

