കണ്ണൂർ: ഇന്നത്തെ കേരളത്തിന്റെ സ്ഥിതി കാണുമ്പോൾ നട്ടപ്രാന്താലയം എന്നു വിളിക്കാൻ തോന്നുന്നതായി പ്രമുഖ ചെറുകഥാകൃത്ത് ടി. പത്മനാഭൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളന ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“പെൻഷൻകാരുടെ സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനത്തിൽ ഞാൻ രാഷ്ട്രീയം പറയുന്നില്ല. കഴിഞ്ഞ ദിവസം പുസ്തക പ്രകാശന വേളയിൽ ഞാൻ രാഷ്ട്രീയംപറഞ്ഞിരുന്നു. അതിന്റെ പേരിൽ ഒരു പാട് തെറിക്കത്തുകൾ കിട്ടി” ഏതായാലും അന്ന് പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊണ്ടതായി തോന്നുന്നതായി ടി. പത്മനാഭൻ പറഞ്ഞു.
“ചെത്തരുത്, വിൽക്കരുത്, കുടിക്കരുത്, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുവാണ്. ലോകാരാധ്യനാണ് ശ്രീനാരായണഗുരു. പ്രത്യക്ഷത്തിൽ ജാതി ഇല്ല. പക്ഷേ, കേരള മനസിൽ ജാതി ശക്തമായി വേരൂന്നിയിരിക്കുന്നു. ഇന്ന് ഗുരു നേതൃത്വം നൽകിയ യോഗത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് അബ്കാരികളാണ്. നേരത്തേ ഒരാൾ എത്ര ഉന്നതനായാലും പേരിനൊപ്പം ജാതി പറഞ്ഞിരുന്നില്ല.
ഒരു വയസ് പ്രായമായ പെൺകുട്ടിയുടെ പേരിന്റെ പിറകിൽ പോലും ജാതി പറയുന്ന കാലമാണിത്. ഒരു പ്രമുഖ വിപ്ലവ പാർട്ടിയിലെ ഉന്നതയായ വനിതാ നേതാവിന്റെ കുട്ടിയുടെ പേരിനൊപ്പം ജാതി വരുന്നു. വിചാരണ കൂടാതെ തടവിലിട്ട മദനിയോട് നാം ചെയ്തത് നീതിയല്ല.
വിദ്വേഷ പ്രസംഗം നടത്തിയ മദനിയോട് ചങ്ങാത്തമുണ്ടാക്കിയ പാർട്ടി ഏതാണെന്ന് എല്ലാവർക്കും അറിയാം. മന്നത്ത് പത്മനാഭനെ എനിക്ക് നന്നായി അറിയാം. അമ്മയായിരുന്നു അദ്ദേഹത്തിന് ഭക്ഷണം കൊടുത്തിരുന്നത്. എച്ചിൽ ഇല എടുത്തതും അദ്ദേഹത്തിന്റെ അമ്മയായിരുന്നു. പക്ഷേ ഇന്ന് പെരുന്നയിലെ വലിയ ആൾ അങ്ങനെയാണോ?”- ടി. പത്മനാഭൻ ചോദിച്ചു.
കെഎസ്എസ്പിഎ വൈസ് പ്രസിഡന്റ് ടി.എസ്. സലിം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ വിനോയ് തോമസ്, കെ. പ്രമാദ്, വി. മധുസൂദനൻ, എം. സുജയ് എന്നിവർ പ്രസംഗിച്ചു.

