പത്തനംതിട്ട: ജില്ലയില്‍ കോയിപ്രത്ത് ഈ മാസമാദ്യം നടന്ന ഹണിട്രാപ്പ് മോഡല്‍ മര്‍ദനത്തില്‍ പ്രതികളായ ജയേഷ് രാജപ്പന്റെയും രേഷ്മയുടെയും വീട്ടില്‍ നിന്ന് പരാതിക്കാരുടെ ഫോണുകള്‍ ലഭിച്ചു. ആകെ മൂന്നു ഫോണുകളാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ആലപ്പുഴ സ്വദേശിയുടെയും ഒരെണ്ണം റാന്നി സ്വദേശിയുടെയുമാണ്. ഫോണുകള്‍ പ്രധാന തെളിവായി മാറുന്ന കേസില്‍ ഈ മൂന്നു ഫോണുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇവയും പ്രതികളുടെ ഫോണുകളും സംഭവദിവസം ഒരേ ടവറിന്റെ കീഴില്‍ വരുന്നത് കേസിനു ബലമേകും.
അതേസമയം ജയേഷിന്റെ പ്രകോപനകാരണമായി പറയപ്പെടുന്നത് രേഷ്മയുമായി യുവാക്കള്‍ക്കുള്ള വഴിവിട്ട അടുപ്പവും സെക്‌സ്ചാറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമാണ്. അങ്ങനെയെങ്കില്‍ പരാതിക്കാരുടെ ഫോണില്‍ അതുസംബന്ധമായ വിവരങ്ങളും ഉണ്ടാകാനാണിട. ഈ ഫോണുകള്‍ മൂന്നും വിശദമായ പരിശോധനയ്ക്ക് പോലീസ് തീരുമാനിച്ചിരിക്കുകയാണ്. പലതരത്തിലും ഫോണുകളാണ് ഈ കേസില്‍ നിര്‍ണായകമാകുക. പ്രതികളുടെ ഫോണുകള്‍ പോലെ പരാതിക്കാരുടെ ഫോണുകളും കേസില്‍ നിര്‍ണായകമായി മാറാനാണിട. ആലപ്പുഴ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. അയാള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ പോലും ആദ്യഘട്ടത്തില്‍ തയാറായിരുന്നതുമില്ല.
പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഫോണുകള്‍ക്കു പുറമെ മര്‍ദിക്കാനായി ഉപയോഗിച്ച വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. നഖം പിഴുതെടുക്കാന്‍ ഉപയോഗിച്ച പ്ലെയര്‍, കഴുത്ത് വെട്ടുമെന്നു ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തി തുടങ്ങിയവ ഇക്കൂടെയുണ്ട്. എല്ലാ ഫോണുകളുടെയും വിശദപരിശോധനയ്ക്കാണ് പോലീസ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നതെന്നറിയുന്നു. ജയേഷിന്റെ ഫോണില്‍ വീഡിയോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിന്റെ പാസ്വേഡ് അഴിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അഞ്ചു ഫോണുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇനി കേസിന്റെ തുടര്‍ നീക്കങ്ങളില്‍ പ്രധാനമാകുക. അതുകൊണ്ടായിരിക്കണം പ്രതികളുടെ കസ്റ്റഡി ഇപ്പോള്‍ പോലീസ് ആവശ്യപ്പെടാത്തതും.
രശ്മിയുടെ ഫോണില്‍ നിന്നു പോലീസിനു കിട്ടിയിരിക്കുന്ന അഞ്ചു വീഡിയോകളും സംഭവവുമായി ബന്ധപ്പെട്ടതാണ്. ഇതിലധികം പ്രധാനപ്പെട്ട വീഡിയോകളാകണം ജയേഷിന്റെ ഫോണിലുള്ളതെന്നു കരുതപ്പെടുന്നു. അവ മര്‍ദനത്തിനു മുമ്പുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാകാനും മതി.
ഹണിട്രാപ്പ് മോഡല്‍ മര്‍ദനം-3 ഫോണുകള്‍ കിട്ടി, ഇതിലാണ് പോലീസിന്റെ പ്രതീക്ഷ

