തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവമോ പശ്ചാത്തലമോ അറിയാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ ലിഫ്റ്റ് വാങ്ങി യാത്ര ചെയ്യുന്നത് വലിയ അപകടങ്ങളില്‍ കലാശിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഇക്കാര്യത്തില്‍ രക്ഷിതാക്കളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും, കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍,മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ , മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ കുട്ടികള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്.അതിനാല്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക

