ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ(എസ്‌ഐആര്‍)ത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ച കേരള സര്‍ക്കാരിന്റെയും മുസ്ലിം ലീഗിന്റെയും അഭിഭാഷകരായ സി കെ ശശിയും ഹാരിസ് ബീരാനും ചീഫ് ജസ്റ്റിസിനോട് വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തലാണ് ഇന്നു പരിഗണിക്കാനായി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതേ സമയത്തു തന്നെ എസ്‌ഐആര്‍ നടപ്പാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നുള്ള വാദം അംഗീകരിച്ചാണ് ഹര്‍ജികള്‍ ഇന്നത്തേക്കു പരിഗണിക്കാനായി നിശ്ചയിച്ചത്. ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വ്യക്തമാക്കി. എസ്‌ഐആര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സിപിഎമ്മും ഹര്‍ജി നല്‍കിയിട്ടുണ്ട്. അവയും ഇന്നു തന്നെ പരിഗണിക്കുമെന്നാണ് അറിയുന്നത്.

