തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കി അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇതിന് മുന്നോടിയായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സർവ്വകക്ഷി യോഗം ചേരും. വോട്ടർ പട്ടികയിലെ മാറ്റങ്ങളും പുതുക്കലുകളും സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ യോഗത്തിൽ അറിയിക്കും.
സംസ്ഥാനത്തൊട്ടാകെ 38,88,948 വോട്ടർമാരുടെ ഹിയറിങ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷമാണ് ഇത്രയും പേരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഇരട്ട വോട്ടുകൾ ഒഴിവാക്കുന്നതിനും മരിച്ചവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനും ഇത്തവണ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. നാളെ പ്രസിദ്ധീകരിക്കുന്ന പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും വെബ്സൈറ്റിലും പരിശോധനയ്ക്കായി ലഭ്യമാകും.

