നേപ്പാളിലെ തെരുവില്‍ കുടുങ്ങി മലയാളി ടൂറിസ്റ്റുകള്‍, കണ്ടക്ടഡ് ടൂറിനിടെ ദുരിതം

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭത്തിന്റെയും നേപ്പാള്‍ കത്തിയെരിയുന്നതിന്റെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഊണും ഉറക്കവുമില്ലാതായിരിക്കുന്ന നാല്‍പതോളം കുടുംബങ്ങളാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലായുള്ളത്. കോഴിക്കോടുള്ള ഒരു ടൂര്‍ ഏജന്‍സിയുടെ കണ്ടക്ടഡ് ടൂര്‍ പരിപാടിയുടെ ഭാഗമായി ഇത്രയും പേര്‍ ഇപ്പോഴുള്ളത് നേപ്പാളിലാണ്. കൃത്യമായി പറഞ്ഞാല്‍ കാഠ്മണ്ഡുവിനടുത്ത് ഗോസാല എന്ന സ്ഥലത്ത്. അക്ഷരാര്‍ഥത്തില്‍ അവിടെ അകപ്പെട്ടു പോയ അവസ്ഥയിലാണിവര്‍. ഭക്ഷണം കാര്യമായൊന്നും കൈയിലില്ല, കുടിക്കാന്‍ വേണ്ടത്ര വെള്ളമില്ല, വസ്ത്രമൊന്നു മാറാന്‍ സൗകര്യമില്ല. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കൊടിയത്തൂര്‍, മലപ്പുറം ജില്ലയിലെ ആരീക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരത്രയും.
ഓണത്തിന്റെ ആഘോഷമൊന്നു തീര്‍ന്നിട്ട് ഞായറാഴ്ചയാണിവര്‍ വിമാനത്തില്‍ നേപ്പാളിലേക്കു പോയത്. ഇവര്‍ കാഠ്മമണ്ഡുവില്‍ എത്തുന്നതിനു മുമ്പു തന്നെ കലാപം ആരംഭിച്ചു കഴിഞ്ഞിരുന്നു. അവിടെയിറങ്ങിക്കഴിഞ്ഞപ്പോള്‍ കലാപം രൂക്ഷമാകുകയും ചെയ്തു. തെരുവിലാണ് അപ്പോള്‍ മുതല്‍ ഇവര്‍ കഴിയുന്നത്. എപ്പോള്‍ നാട്ടിലേക്ക് എങ്ങനെ വരാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീര്‍ച്ചയുമില്ല.
പ്രധാന റോഡുകള്‍ മുഴുവന്‍ ടയര്‍ കത്തിച്ചുള്ള പ്രതിഷേധം കാരണം വാഹനങ്ങളൊന്നും ഓടുന്നതേയില്ല. ആകെ താറുമാറായിരിക്കുകയാണ് സഞ്ചാരം. റോഡ് മുഴുവന്‍ കലാപകാരികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പോലീസ് സ്‌റ്റേഷനടക്കം കലാപകാരികള്‍ തകര്‍ത്തതിനാല്‍ ഒരിടത്തും അഭയം തേടാനില്ല. ഒക്കെയിലുമുപരിയായി കാഠ്മണ്ഡു വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയുമാണ്. കേന്ദ്രത്തിലെയോ കേരളത്തിലെയോ ഗവണ്‍മെന്റിന്റെ അടിയന്തര ഇടപെടലുണ്ടായാല്‍ മാത്രമാണ് ഇവരുടെ കാര്യത്തിന് ഇനിയൊരു തീരുമാനം ഉണ്ടാകുന്നത്.