തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കേരള ട്രാവല്‍ മാര്ട്ടിന് (കെടിഎം) സെപ്റ്റംബര്‍ 24ന് കൊച്ചിയില്‍ തുടക്കമാകും. കെടിഎമ്മിന്റെ 13-ാം പതിപ്പാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെയാണ് മാര്‍ട്ടിന്റെ ഭാഗമായ ബിസിനസ് മീറ്റ് നടക്കുകയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും.
400-ലധികം അന്താരാഷ്ട്ര ബയര്‍മാര്‍, 1500-ലധികം ആഭ്യന്തര ബയര്‍മാര്‍, മൈസ്, വെഡ്ഡിംഗ് പ്ലാനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. 400-ലധികം സെല്ലര്‍ സ്റ്റാളുകള്‍ ഉണ്ടാകും. മൂന്ന് ദിവസങ്ങളിലായി 60,000-ത്തിലധികം മുന്‍കൂട്ടി നിശ്ചയിച്ച ബിടുബി കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കും. ലെയ്ഷര്‍ ടൂറിസം മേഖലയിലെ ശക്തമായ സാന്നിധ്യമാകുക, കേരളത്തിന്റെ സവിശേഷ സേവനങ്ങളായ വെല്‍നസ് ടൂറിസം, ആയുര്‍വേദം, അനുഭവവേദ്യ കമ്മ്യൂണിറ്റി ടൂറിസം, സുസ്ഥിര-പുനരുജ്ജീവന ടൂറിസം എന്നിവ അവതരിപ്പിക്കുക, അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസം വിപണികളില്‍ കേരളത്തെ മുന്‍നിര മൈസ്, വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്നിവ കെടിഎം-2026 ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

