ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാഗമായി കേരളം അവതരിപ്പിച്ച ടാബ്ലോയ്ക്ക് സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ശ്രേണിയിൽ ( ജഡ്ജസ് ചോയ്സ്) ലഭിച്ച ട്രോഫി രക്ഷാ രാജ്യ മന്ത്രി (കേന്ദ്ര പ്രതിരോധ സഹമന്ത്രി) സഞ്ജയ് സേത്തിൽ നിന്നും സംസ്ഥാനത്തിനായി കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് , ടാബ്ലോ നോഡൽ ഓഫീസർ രതീഷ് ജോൺ, ഡിസൈനർ റോയ് ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാഷ്ട്രീയ രംഗശാല ക്യാമ്പിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര പ്രതിരോധ സഹമന്ത്രി ട്രോഫികൾ വിതരണം ചെയ്തത്.
നീണ്ട 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിന്റ ഭാഗമായി അവതരിപ്പിച്ച നിശ്ചലദൃശ്യം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയത്. 2013ലായിരുന്നു കേരളം അവസാനമായി മെഡൽ നേട്ടം കൈവരിച്ചത്.സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളുടെ പതിനേഴ് ടാബ്ലോകളും വിവിധ മന്ത്രാലയങ്ങളുടെ പതിമൂന്ന് ടാബ്ലോകളും ഉൾപ്പെടെ മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ നിശ്ചല ദൃശ്യംതെരഞ്ഞെടുക്കപ്പെട്ടത്.
മറ്റു സംസ്ഥാനങ്ങൾ സാംസ്കാരിക പെരുമയിൽ തീം കേന്ദ്രികരിച്ചപ്പോൾ, കേരളം ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം കൈവരിക്കുന്ന വികസന നേട്ടങ്ങളായ വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടം കൈവരിച്ചതിൻ്റെ പ്രതികമായി ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസുവിനെയുമാണ് അവതരിപ്പിച്ചത്.
മൗലികമായ ആശയവും നൂതനമായ ഡിസൈനിംഗും സാംസ്കാരിക പാരമ്പര്യവും കേരളത്തിൻ്റെ തനത് സുഗന്ധവ്യഞ്ജനങ്ങളും കൃത്യമായി സന്നിവേശിപ്പിച്ചതാണ് കേരളത്തിൻ്റെ ടാബ്ലോ ജഡ്ജസ് ചോയ്സിൽ മൂന്നാം സ്ഥാനത്തിന് അർഹമാക്കിയത്. പതിനാറോളം കലാകാരന്മാർ ടാബ്ലോയുടെ ഭാഗമായി. നാടോടി നൃത്തവും വഞ്ചിപ്പാട്ടിൻ്റെ ഈണവും കാവ്യാത്മകമായ വരികളും കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിൻ്റെ സമ്പന്നത വിളിച്ചോതി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിർവ്വഹണവും നടത്തിയത്.

