തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നാളെ (തിങ്കൾ) വീണ്ടും കേരളത്തിൽ പ്രചാരണത്തിനെത്തും.ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലത്തും ഇടുക്കിയിലുമാണ് ഖാർഗെ പ്രസംഗിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി വിവിധ ജില്ലകളിൽ പര്യടനം നടത്തും. കോട്ടയം, ആലപ്പുഴ, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം വോട്ട് അഭ്യർത്ഥിക്കും.ദേശീയ നേതാക്കളെ അണിനിരത്തി വരുംദിവസങ്ങളിൽ കേരളത്തിൽ ശക്തമായ പ്രചാരണത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ ജനങ്ങളിലെത്തിക്കാനാണ് നേതാക്കളുടെ ശ്രമം.പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തുമെന്ന് സൂചനയുണ്ട്.
കേരളത്തിൽ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഖാർഗെയും രാഹുലും എത്തുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിലുടനീളം വലിയ സ്വാധീനം ചെലുത്തുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും ബിജെപിയെയും കടന്നാക്രമിക്കുന്ന പ്രസംഗങ്ങളാകും ഇരുവരും നടത്തുക.

