കൊച്ചി: ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടികളും നീക്കം ചെയ്തു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച മുഴുവൻ പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാനാണ് കൊച്ചി കോർപ്പറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തുന്ന സാഹചര്യത്തിൽ നഗരത്തിലുടനീളം വ്യാപകമായി ഫ്ലെക്സുകളും കൊടികളും സ്ഥാപിച്ചിരുന്നു. എന്നാൽ, അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ പലപ്പോഴായി കർശന നിർദേശം നൽകിയിരുന്നു. കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഓരോ ബോർഡിനും 5,000 രൂപ വീതം പിഴ ഈടാക്കാനും നിയമനടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
നഗരത്തിന്റെ പല ഭാഗങ്ങളിലും ഫുട്പാത്തുകൾ തടസ്സപ്പെടുത്തിയും ഗതാഗതത്തിന് ഭീഷണിയായും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് കോർപ്പറേഷൻ സ്ക്വാഡ് നേരിട്ടെത്തി ഇവ നീക്കം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടെയുള്ള വലിയ ഫ്ലെക്സുകൾ മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. സമാനമായ രീതിയിൽ തിരുവനന്തപുരം കോർപ്പറേഷനും നേരത്തെ ബിജെപിക്ക് ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തിയിരുന്നു.

