ജലമേള; ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഡിസംബർ 30-ന് കൊച്ചിയിലെത്തുന്നു

കായൽപരപ്പിൽ ആവേശത്തിന്റെ ഓളങ്ങൾ തീർക്കാൻ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഡിസംബർ 30-ന് കൊച്ചിയിലെത്തുന്നു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ജലമേള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ അവലോകന യോഗം ചേർന്നു.

വീയപുരം, നടുഭാഗം, മേൽപ്പാടം, നിരണം, പായിപ്പാടൻ, പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം എന്നീ ഒമ്പത് പ്രമുഖ ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കൊച്ചി കായലിൽ മാറ്റുരയ്ക്കുന്നത്.

മത്സരങ്ങൾ സുഗമമായി നടത്തുന്നതിന് കായലിലെ ട്രാക്ക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനും ചുണ്ടൻ വള്ളങ്ങൾക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങളെ കൂടി പങ്കെടുപ്പിക്കാനാവശ്യമായ സ്പോൺസർഷിപ്പ് നടപടികൾ വേഗത്തിലാക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വള്ളംകളിക്ക് മാറ്റുകൂട്ടാനായി ഇന്ത്യൻ നാവികസേനയുടെയും ഫയർ ഫോഴ്സിന്റെയും അഭ്യാസപ്രകടനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അന്നേദിവസം അരങ്ങേറും.

വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *